ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്രംസാമൂഹികവികസനഭരണചരിത്രം

പഞ്ചായത്തിന്റെ തെക്കായി ഒഴുകുന്ന ഭാരതപ്പുഴയുടെ തീരപ്രദേശം പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്താണ്. ഇവിടങ്ങളില്‍ മണല്‍ കലര്‍ന്ന മണ്ണാണ് കണ്ടുവരുന്നത്. എന്നാല്‍ മങ്കര, മാങ്കുറുശ്ശി, മണ്ണൂര്‍ എന്നീ പ്രദേശങ്ങളില്‍ മണ്ണില്‍ മണലിന്റെ അംശം കുറവാണെന്നുമാത്രമല്ല കൂടുതല്‍ കാഠിന്യമുള്ള മണ്ണുള്ള പ്രദേശവുമാണ്. ഈ നിലയില്‍ കൂടുതല്‍ കാഠിന്യമുള്ള മണ്‍പ്രദേശമായതുകൊണ്ട് മണ്ണൂര്‍ എന്ന പേരു വന്നിരിക്കാം എന്നതാണ് ഒരു ഐതീഹ്യം. പഴയ മദിരാശി സംസ്ഥാനത്തോടു ചേര്‍ന്നിരിക്കുന്ന പ്രദേശങ്ങളിലെ സ്ഥലങ്ങള്‍ക്ക് പേരിനവസാനം ഊര്‍, കുറുശ്ശി, പുരം എന്നീ പദങ്ങള്‍ ചേര്‍ത്തിരുന്നു. ശിലായുഗകാലത്തുതന്ന ഈ പഞ്ചായത്തില്‍ ജനവാസം ഉണ്ടായിരുന്നു എന്നതിന് ചേറുംമ്പാല, കൊട്ടക്കുന്ന്, കിഴക്കുംപുറം, ഓട്ടയംകാട് എന്നിവിടങ്ങളില്‍ പൊളിച്ചുമാറ്റാതെ കാണപ്പെടുന്ന ശവക്കല്ലറകള്‍  തെളിവാണ്.പെരുമാക്കന്‍മാരുടെയും, തളിയാതിരിമാരുടെയും കാലശേഷം ഈ പ്രദേശത്ത് രാജഭരണം ആരംഭിച്ചു. ഈ പ്രദേശം വള്ളുവനാട്ടു രാജാവിന്റെ അധീനതയിലായിരുന്നു. തന്റെ രാജ്യത്തെ പല പ്രദേശങ്ങളായി തിരിച്ച് ഓരോ നാടുവാഴിമാരെ ഭരണച്ചുമതല ഏല്‍പ്പിച്ചിരുന്നു. അങ്ങാടിപ്പുറം ആസ്ഥാനമായി വള്ളുവനാട്ടു വല്ലഭവലിയരാജ ഭരണം നടത്തിവന്നു. ഇദ്ദേഹത്തില്‍ നിന്നും നാടുവാഴിത്തം ലഭിച്ച പനങ്ങാട്ടു മൂപ്പില്‍നായര്‍ തന്റെ കുടുംബത്തോടൊപ്പം മണ്ണൂരില്‍ വന്ന് ഭരണം തുടങ്ങി. ഇദ്ദേഹത്തെ പിന്നീട് മണ്ണൂര്‍ വലിയനായര്‍ അഥവാ മൂപ്പില്‍യജമാനന്‍ എന്ന് വിളിച്ചുവന്നു. വള്ളുവനാട് പ്രദേശത്തെ നാട്ടമ്പലങ്ങളില്‍ തോല്‍പ്പാവകൂത്ത് നടത്തുന്ന സമയങ്ങളില്‍ കൂത്തുപറയുന്ന പുലവന്‍മാര്‍ “വള്ളുവനാട്ടുരാശാവും, നൂര്‍വാണ്ടിരിക്കെ,” എന്ന ശ്രുതി ചൊല്ലിയിരുന്നു. ഇതില്‍ നിന്നും ഈ പ്രദേശത്തിന്റെ ഭരണം വളളുവനാട്ടു രാജവംശത്തിനായിരുന്നു എന്ന് അനുമാനിക്കാം.വടശ്ശേരി, കേരളശ്ശേരി, തടുക്കശ്ശേരി, കിഴക്കുംപുറം, മണ്ണൂര്‍, നഗരിപ്പുറം, പേരടിക്കുന്ന്, ചേറുംമ്പാല, പൂതന്നൂര്‍ എന്നീ ഒന്‍പതു ദേശങ്ങള്‍ മണ്ണൂര്‍ മൂപ്പില്‍നായരുടെ ഭരണത്തിലായിരുന്നു. ഇതിനുപുറമെ തൃശ്ശൂര്‍ ജില്ലയിലുള്ള പാമ്പാടി അരദേശവും ചേര്‍ത്ത് ഒമ്പതര ദേശത്തിന്റെ അധിപനായിരുന്നു മണ്ണൂര്‍ വലിയനായര്‍. പ്രധാനമായും കൃഷിയെ ആസ്പദമാക്കിയ ജീവിതരീതിയാണ് നിലനിന്നിരുന്നത്. ഈ പ്രദേശത്ത് കൃഷി ചെയ്യുവാനും, വീടുകള്‍ വയ്ക്കാനും, മൂപ്പില്‍ നായരുടെ അനുവാദം ആവശ്യമായിരുന്നു. കൃഷിയില്‍ നിന്നും കിട്ടുന്നതിന്റെ ഒരു വിഹിതം മിച്ചവരവായി സ്വരൂപത്തിന് നല്‍കിപ്പോന്നു. ക്രമേണ ഈ സമ്പ്രദായം ജന്മി-കുടിയാന്‍ വ്യവസ്ഥയായി മാറി. ഈ കാലത്ത് സാധനങ്ങള്‍ കൈമാറിയാണ് കച്ചവടം നടന്നിരുന്നത്.വള്ളുവകോനാതിരിയുടേയും, സാമൂതിരിയുടേയും നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ ബ്രിട്ടീഷ് ഭരണത്തിന് അധീനപ്പെട്ടതോടെ മണ്ണൂര്‍ ബ്രിട്ടീഷ് ഭരണത്തിലായി. ബ്രിട്ടീഷ് ഭരണത്തോടെ നാടുവാഴികളുടെ ഭൂമി അളന്നു തിട്ടപ്പെടുത്തി. ഇതോടെ നാടുവാഴികള്‍ ഭുമിയുടെ ഉടമസ്ഥരായി മാറി. ജന്മി സമ്പ്രദായം നിലവില്‍വന്നു. ഇവരില്‍നിന്നും ഭൂമി പാട്ടത്തിനെടുത്തവരെ കുടിയാന്‍മാരെന്നും വിളിച്ചുവന്നു. നികുതിപിരിവിനും മറ്റു ചില ആവശ്യങ്ങള്‍ക്കുമായി അധികാരിമാരെ ചുമതലപ്പെടുത്തി. മണ്ണൂര്‍, തടുക്കശ്ശേരി അംശത്തിലെ ഒരു ദേശമായിരുന്നു. ചെറുകരനായര്‍വീട്ടിലെ കുഞ്ഞുണ്ണിനായരായിരുന്നു അന്നത്തെ അധികാരി. അംശങ്ങള്‍ പുനസംഘടിപ്പിച്ചപ്പോള്‍ തടുക്കശ്ശേരി, കിഴക്കുംപുറം, മണ്ണൂര്‍, നഗരിപ്പുറം എന്നിങ്ങനെ നാലംശങ്ങളായി മാറി. ഈ അംശങ്ങളില്‍ വെവ്വേറെ അധികാരികളെ നിയമിച്ചിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് വിദ്യാലയങ്ങള്‍ നിലവില്‍ വന്നു. ഈ പ്രദേശത്തെ ആദ്യത്തെ സ്ക്കൂള്‍ ശ്രീ. നാകേലന്‍മാസ്റ്റര്‍ സ്ഥാപിച്ച മണ്ണൂര്‍ യു. പി. സ്ക്കൂളാണ്. ഈ സ്ഥാപനത്തിന് 100 വര്‍ഷത്തിലേറെ പഴക്കമുണ്ട്.1921-ലെ മാപ്പിളലഹളക്കാലത്ത് മുസ്ളീമുകളായ അനവധി കുടുംബങ്ങള്‍ മണ്ണൂരിലുണ്ടായിരുന്നു. ഇവര്‍ ലഹളക്കാലത്ത് ഹിന്ദുക്കളെ സഹായിച്ചവരാണ്. ശ്രീകൃഷ്ണപുരം, തോട്ടക്കര ഇവിടങ്ങളില്‍ നിന്ന് പല നമ്പൂതിരി കുടുംബങ്ങളും കയ്മകുന്നത്ത് കാവിന് തെക്കുഭാഗത്തുള്ള ഒരു നായര്‍ വീട്ടിലാണ് അഭയം തേടിയിരുന്നത്. ശ്രീ. കെ. തമ്പുണ്ണിനായര്‍ ഹരിജനങ്ങളെ സ്വന്തം വീട്ടിലെത്തി പഠിപ്പിച്ചതും, മണിയംകോട്ടില്‍ അപ്പുക്കുട്ടന്‍ സ്വന്തം വീട്ടിലിരുത്തി മിശ്രഭോജനം നടത്തിയതും അന്നത്തെ പ്രധാന സംഭവങ്ങളായിരുന്നു. 1936-37 കാലത്ത് ഞാറക്കോട്ടീല്‍ അപ്പുറാവുത്തറുടെ നേതൃത്വത്തില്‍ ആദ്യമായി പൊതുജന വായനശാല തുടങ്ങി.

സാംസ്ക്കാരിക ചരിത്രം

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഈ ഗ്രാമം ഏറെ മുന്നിലാണ്. മണ്ണൂരില്‍ നഴ്സറി മുതല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിവരെയായി പന്ത്രണ്ട് വിദ്യാലയങ്ങള്‍ ഉണ്ട്. ഗ്രന്ഥശാല സംഘത്തില്‍ അഫിലിയേറ്റ് ചെയ്തതും അല്ലാത്തതുമായ നിരവധി വായനശാലകള്‍ ഉണ്ട്. ഇതില്‍ മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ലൈബ്രറിമണ്ണൂര്‍ കയ്മകുന്നത്ത് കാവ് ആത്മീയ ലൈബ്രറി എന്നിവ നല്ലനിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു.മണ്ണൂരിലെ പ്രസിദ്ധമായ കയ്മകുന്നത്ത്കാവ്കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളില്‍ ഒന്നായ വടോട്ടുകുറിശ്ശിക്ഷേത്രംതിരുനാരായണപുരംക്ഷേത്രംസ്വാമിയാര്‍മഠംഞാറക്കോട്കിഴക്കുമ്പുറംപടിപ്പുരക്കാട്പള്ളികള്‍ എന്നിവ ഈ പ്രദേശത്തെ പ്രധാന ആരാധനാലയങ്ങളാണ്.മണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ഇന്നും നിലനിന്നുവരുന്ന പുള്ളുവന്‍പാട്ട് ,പുറാട്ടുനാടകംഎന്നിവ വളരെ പണ്ടുമുതല്‍ക്കുതന്ന ഈ പ്രദേശത്ത് നിലവിലുള്ളതാണ്. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് മണ്ണൂര്‍ കേന്ദ്രമാക്കി ഒരു നാടകസംഘം നിലനിന്നിരുന്നു. പരിചമുട്ടുകളിതിരുവാതിരക്കളികോല്‍ക്കളി എന്നീ കലാരൂപങ്ങള്‍ ഇന്നും ഇവിടെ പ്രചാരത്തിലുണ്ട്. നാടുവാഴിത്തത്തിന്റെ ഭാഗമായ ദേശകുതിരകള്‍മണ്ണൂരിലെ പ്രധാന ദേവീക്ഷേത്രത്തിലെ പൂരവേലകളെ കൊഴുപ്പിക്കുന്നു. കയ്മകുന്നത്തുകാവിലെ രണ്ടു നിലയുള്ള തോല്‍പ്പാവകൂത്തുമാടവുംആനയില്ലാത്ത താലപ്പൊലിയുംമൂപ്പില്‍നായരുടെ ഇരട്ടക്കുടയും. 1.3,5 എന്ന ഒറ്റക്രമത്തിലുള്ള വെടിവഴിപാടുംഒറ്റക്കുരവയും എല്ലാം ഈ പഞ്ചായത്തിന്റെ സാംസ്കാരിക പൈതൃകങ്ങളാണ്.